Tuesday, July 1, 2008

വണ്‍് നൈറ്റ് അറ്റ്‌ എ കാള്‍ സെന്റര്‍

കുറെ നാളുകള്‍ക്ക് ശേഷം എഴുതുകയാ. ഇന്നലെ വായിച്ചു തീര്‍ത്ത ഒരു പുസ്തകത്തെക്കുറിച്ച് പറഞ്ഞാലോ?
പുസ്തകത്തിന്‍റെ പേരു 'വണ്‍് നൈറ്റ് അറ്റ്‌ എ കാള്‍ സെന്റര്‍' എന്നാണു. രചയിതാവിന്‍റെ പേരു ചേതന്‍ ഭഗത്. ആറ് കാള്‍ സെന്റര്‍ ഉദ്യോഗസ്ഥരുടെ കഥ പറയുകയാണ്‌ ലേഖകനിവിടെ.
അവരിലോരാളായ ശ്യാം ആണ് കഥ നമ്മോടു പറയുന്നത്‌.
തുടക്കത്തില്‍ അവരിലോരോരുത്തരുടെയും ജീവിത പ്രശ്നങ്ങള്‍ നമ്മോടു പറഞ്ഞ ലേഖകന്‍ ഇടയ്ക്ക് ചില നാടകീയ മുഹൂര്‍ത്തങ്ങളിലൂടെ ദൈവത്തെ ഒരു കഥാപാത്രമായി അവതരിപ്പിക്കുന്നു.
ഒരു ഫോണ്‍ കാള്‍ വഴി അവരോട് സംസാരിച്ച ദൈവം അവരുടെയോരോരുതരുടെയും പ്രശ്നങ്ങള്‍ കേള്‍ക്കുകയും അതിനുള്ള പ്രതിവിധി പറഞ്ഞു കൊടുക്കുകയും ചെയ്യുന്നു. അങ്ങനെ ഓരോരുത്തരും ആത്മവിശ്വാസം കൈവരിച്ചു പ്രശ്നങ്ങളെ നേരിട്ടു തോല്പ്പിക്കുന്നതായാണ് കഥയുടെ അവസാനം.
ഈ കഥയിലൂടെ ഇന്നത്തെ ഐ ടി സമൂഹം നേരിടുന്ന ചില പ്രശ്നങ്ങളെ അവതരിപ്പിക്കാനും അവരെപ്പറ്റി വായനെക്കാരനെക്കൊണ്ട് ചിന്തിപ്പിക്കാനും ലേഖകന് കഴിഞ്ഞു .
ചെറിയ തോതിലൊരു സന്ദേശം കൂടി ഈ കഥയില്‍ അടങ്ങിയിരിക്കുന്നു.
ഒരു ബോളിവുഡ് സിനിമ-ക്ക് വേണ്ട എല്ലാ ചേരുവകളും അടങ്ങിയ ഈ കഥ വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു ഹിന്ദി സിനിമ കണ്ട പ്രതീതി. പ്രേമം, കാമം, ഹാസ്യം, സംഘട്ടര്‍ഷം എന്നിവയെല്ലാം ഒത്തു ചേര്ന്ന ഈ കഥ വായനെകാരനെ ഒട്ടും തന്നെ ബോറടിപ്പിക്കുന്നില്ല എന്ന് പറയാം. കൂടുതല്‍ വിവരങ്ങള്‍ ഇതാ ഇവിടെയുണ്ട്.
പിന്‍കുറിപ്പ്:
1. ഈ കഥ അമേരിക്കകാരെങ്ങാനും വായിച്ചാല്‍ ഒരു പക്ഷെ ലേഖകന് ഒരടി കിട്ടാനും മതി! :)
2. മാനേജര്‍മാര്‍ ജാഗ്രതൈ.

Thursday, December 27, 2007

ശ്രീരാമന്റെ കഞ്ചാവു ബീഡി

ഈ ശ്രീരാമനെന്നു പറയുമ്പോള്‍ നമ്മുടെ പുരാണത്തിലെ ആളല്ല; ഇതു മറ്റൊരാള്‍!

ഞങ്ങള്‍ക്കെല്ലാവര്‍ക്കും വളരെ മുന്‍പെ അവനെ അറിയാമായിരുന്നു. പ്രത്യേകിച്ചു കുഴപ്പങ്ങളൊന്നുമില്ലാതിരുന്ന ഒരാളായിരുന്നു;പിന്നീടെപ്പൊഴോ കുടിയും കഞ്ചാവുമൊക്കെയായി ബുദ്ധിസ്ഥിരത കുറഞ്ഞു വന്നു. അവന്റെ അച്ഛന്‍ മരിച്ചതിനു ശേഷം അമ്മയുണ്ടായിരുന്നു'കേസരി'-യില്‍(അതാണു അവര്‍ക്കു സര്‍ക്കാര്‍ നിര്മ്മിച്ചു നല്‍കിയ വീടിന്റെ പേര്). കഴിഞ്ഞ വര്‍ഷം അവന്റെ അമ്മയും മരിച്ചു. രണ്ടു ചേച്ചിമാരുണ്ടായിരുന്നതു കല്യാണം കഴിച്ച് കുടുംബവും കുട്ട്യൊളുമായി അവരവരുടെ വീട്ടില്‍. പിന്നെ അനിയനും ഭാര്യയുമാണു വീട്ടിലുണ്ടായിരുന്നത്. പിന്നീടെപ്പൊഴോ കേട്ടു അനിയന്‍ ഭാര്യയെ ഉപേക്ഷിച്ചെന്ന്(അതും സംശയരോഗം കാരണം!).

പിന്നീട് കുടിക്കാനും, കഞ്ചാവു ബീഡി വലിക്കാനും പോയിട്ട് ഒരു നേരം വിശപ്പടക്കാന്‍ കൂടി വകയില്ലാതായപ്പോഴാകണം അവന്‍ മറ്റുള്ളവരുടെ മുന്‍പില്‍ കൈ നീട്ടാന്‍ തുടങ്ങിയത്. അതും വെറുതെയല്ല; എന്തെങ്കിലും പണിയുണ്ടോന്നു ചോദിക്കും. അതു വൃത്തിയായി ചെയ്തു കൊടുക്കും, കൂലിയായി വയറു നിറയെ ഭക്ഷണം അല്ലെങ്കില്‍ അതിനുള്ള പണം.

അതി സാമര്‍ത്ഥ്യക്കാരായ ഞങ്ങളുടെ നാട്ടുകാര്‍ ഇതു മുതലെടുത്തു തുടങ്ങി. പലരും എല്ലു മുറിയുവോളം പണിയെടുപ്പിച്ച് വെറും 5 രൂപയൊ, 2 രൂപയൊ ഒക്കെ കൊടുത്തു തുടങ്ങി (ഇനി മറ്റു ചിലരാകട്ടെ - ഞങ്ങളുടെ അടുത്ത വീട്ടിലെ, ഭര്‍ത്താവ് മരിച്ച രമണിയെപ്പോലുള്ളവര്‍- കടം പറയാനും!)

അങ്ങനെയിരിക്കെയാണ് ഞങ്ങളുടെ പുതിയ വീടിന്റെ പണി തുടങ്ങിയതു. കല്‍പ്പണി കഴിഞ്ഞപ്പോള്‍‍ ചുമര്‍ നനയ്ക്കണമായിരുന്നു സ്വതവെ വയ്യാത്ത അച്ഛന് ഒറ്റയ്ക്കു നനയ്ക്കാന്‍ വലിയ ബുദ്ധിമുട്ടായിരുന്നു; പുതിയ വീട് കുറച്ചു ദൂരെയായതു കൊണ്ട് അമ്മയ്ക്കും പോയി സഹായിക്കാന്‍ വയ്യായിരുന്നു. അങ്ങനെയിരിക്കെ അമ്മ തന്നെയാണ് അച്ഛ്ന് താരതമ്യേന ചിലവു കുറഞ്ഞ ആ ഉപായം പറഞ്ഞു കൊടുത്തത്, ശ്രീരാമനെയും കൂട്ടി പൊയ്ക്കൊള്ളാന്‍.

അച്ഛന്‍ വിളിച്ചപ്പോള്‍‍ അവന്‍ സന്തോഷത്തോടെ സമ്മതിച്ചു. പോകുന്നതിനു മുന്‍പു പൊറൊട്ടയും 'കടുക്ക' കറിയും ചായയും വാങ്ങിക്കൊടുക്കും. പിന്നെ രാവിലത്തെ നനയ്ക്കല്‍ കഴിഞ്ഞാല്‍ ചോറും 20 രൂപയും; അഥവാ വൈകുന്നേരം പോവുകയാണെങ്കിലും കൊടുക്കും പൈസയും ചായയും. പക്ഷെ എത്ര പൈസ കയ്യിലുണ്ടെങ്കിലും എങ്ങനെയെങ്കിലും അവനതു തീര്‍ക്കുമായിരുന്നു. എന്നിട്ടു രാത്രി വീണ്ടും പട്ടിണി. ചിലപ്പൊ വീട്ടില്‍ വന്നു ചോറു ചോദിക്കും. വളരെ വൈകിയില്ലെങ്കില്‍, ഞങ്ങള്‍‍ ഉറങ്ങിപ്പോയിട്ടില്ലെങ്കില്‍ അമ്മ ചോറു കൊടുക്കും (കാശൊക്കെ എന്തു ചെയ്തൂന്നുള്ള അന്വേഷണങ്ങളുമുണ്ടാകും അകമ്പടിക്ക്). ചിലപ്പൊ നനയ്ക്കേണ്ടാത്ത ദിവസങ്ങളില്‍, വിശന്നു ദൈന്യമായ അവന്റെ മുഖം കാണുമ്പോ ഞങ്ങളുടെ വീട്ടില്‍ വന്നു ചോറു തിന്നോളാന്‍ അച്ഛന്‍ അവനോടു പറയുമായിരുന്നു. അങ്ങനത്തെ ദിവസങ്ങളില്‍ അമ്മ അവനെക്കൊണ്ടു തേങ്ങ പൊളിപ്പിക്കുമായിരുന്നു.

അതിനിടക്കു രണ്ടു മൂന്നു പ്രാവശ്യമൊക്കെ അച്ഛനോട് നല്ല വഴക്കും കിട്ടിയിട്ടുണ്ടു; പറഞ്ഞ പണി അതു പോലെ ചെയ്യാത്തതിനും (നനച്ചു നനച്ചു പുതുതായി പണി കഴിപ്പിച്ചു ഉണക്കാന്‍ വച്ചിരുന്ന വാതില്‍ കുതിര്‍ന്നു പോയത് അവയിലൊന്ന്!). അങ്ങനെ ഞങ്ങളുടെ വീടു പണി കഴിഞ്ഞു. 'വീട്ടുകൂടല്‍'-നു വരാന്‍ അവനെയും ക്ഷണിച്ചു. അവനു വേണ്ടി അമ്മ വിലയല്‍പ്പം കുറഞ്ഞതെങ്കിലും ഒരു മുണ്ടും ഷര്‍ട്ട്‌-ഉം വാങ്ങി വച്ചു. പക്ഷെ എന്തു കൊണ്ടോ അവന്‍ വന്നില്ല വീട്ടുകൂടലിന്. അമ്മ പിന്നീടതവന്റെ വീട്ടില്‍ കൊണ്ടു കൊടുത്തുവെന്നു പറഞ്ഞു.

ഇടയ്ക്കു പഴയ വീട് ചെന്നു നോക്കാന്‍ ചെല്ലുമ്പോഴൊക്കെ വിശന്നു വലഞ്ഞു നടക്കുന്ന അവനെക്കണ്ടു അമ്മ 'ചായകുടിക്കാന്‍' പൈസ കൊടുത്തിരുന്നു. ഇടക്കു പുതിയ വീട്ടിലൊക്കെ വരണമെന്നു പറയുമ്പോഴേക്കും തലയും കുലുക്കി കിട്ടിയ കാശും കയ്യിലാക്കി തിരക്കിട്ടു പൊകുമായിരുന്നത്രെ അവന്‍(ഒരിക്കലും പുതിയ വീട്ടില്‍ വന്നതുമില്ല).

കുറച്ചു ദിവസം മുന്‍പു വീണ്ടും അമ്മ പഴയ വീട്ടിനടുത്തു പോയിരുന്നു. അപ്പൊഴാണു ആരോ പറഞ്ഞതു ശ്രീരാമന്‍ കടപ്പുറത്തു മരിച്ച് കിടക്കുന്നുണ്ടത്രെ! കണ്ടവര്‍ കണ്ടവര്‍ ഒരോരോ അഭിപ്രായങ്ങളും പറഞ്ഞു. മുഖത്തും ദേഹത്തും പാടുകളുണ്ടായിരുന്നെന്നും, അതൊരു സാധാരണ മരണമല്ലെന്നും, ബോഡി പോസ്റ്റ്‌-മോര്‍ട്ടം ചെയ്യാന്‍ കൊണ്ടു പോയിട്ടുണ്ടെന്നും മറ്റും. കേട്ടതു വിശ്വസിക്കാനാവാതെ അവന്റെ വീട്ടില്‍ ചെന്ന അമ്മയെ ശ്രീരാമന്റെ ഇളയ ചേച്ചി അനസൂയ-യുടെ അലമുറയാണു എതിരേറ്റതു.

അമ്മയതു ഞങ്ങളോടു വിളിച്ചു പറഞ്ഞപ്പോള്‍‍ വല്ലാത്ത വിഷമം തോന്നി; അപ്പൊ എന്റെ അനിയത്തി പറഞ്ഞു, ഒരു കണക്കിനു ആരുമില്ലാതെ, എല്ലാവരോടും കൈ നീട്ടി ഇങ്ങനെ ജീവിക്കുന്നതിലും ഭേദം ഇതു തന്നെയാണെന്ന്.

ഇന്നും എന്റെ വീട്ടില്‍ ചെല്ലുമ്പോ ഞാനോര്‍ക്കാറുണ്ടു ഈ വീട്ടിന്റെ കെട്ടുറപ്പില്‍ ശ്രീരാമ‍ന്റെ വിയര്‍പ്പുണ്ടെന്നു; അവന്‍ വിയര്‍ത്തു കുളിച്ചു നനച്ചു കുതിര്‍ത്ത ചുമരുകള്‍‍ക്കു എക്കാലവും ആയുസ്സുണ്ടായിരിക്കട്ടെ - ശ്രീരാമന്റെ ആത്മാവിനു ശാന്തിയും!

Sunday, December 23, 2007

പൊന്‍വെയില്‍

പൊന്‍വെയില്‍ വരാനല്പം വൈകും ...

എന്തൊരു ട്രാഫിക്കാണിഷ്ടാ....